കൊട്ടിയൂർ (കണ്ണൂർ): വയനാടിനെയും കണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ചുരമില്ലാത്ത പാത കണ്ടെത്തിയ ടി.എസ്.സ്കറിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു. നാട്ടുകാർ തുരുത്തിയിൽ കുഞ്ഞേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹം അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിൻ്റെ 83-ാം ജന്മദിനമായിരുന്ന ഇന്നലെയാണ് സംഘടന നേതാക്കൾ വീട്ടിലെത്തി ആദരിച്ചത്. മിഴി കലാ സാംസ്‌കാരിക വേദി പ്രസിഡൻ്റ് ജോയ് സെബാസ്‌റ്റ്യൻ ഓരത്തേൽ പൊന്നാട അണിയിച്ചു .കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറം, മുൻ ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബാബു ജോസഫ്, യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്‌ഥാന കമ്മിറ്റി അംഗം ഷാജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. അൻപത് വർഷങ്ങൾക്ക് മുൻപാണ് ചുരമില്ലാത്ത പാത കണ്ടെത്തിയത്. കൂത്തുപറമ്പ് ബ്ലോക്കിൻ്റെ ധനസഹായത്തോടെ റോഡ് നിർമിക്കാനും സർക്കാർ അനുമതി വാങ്ങാനും നേതൃത്വം നൽകിയതും ഇദ്ദേഹമാണ്. രണ്ട് വർഷം മുൻപ് ചികിത്സ തേടും വരെ റോഡിനായി നടത്തിയ എല്ലാ നീക്കങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം കൊട്ടിയൂർ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. റോഡിനുള്ള സ്ഥലം കൊട്ടിയൂർ പഞ്ചായത്തിന് ലീസ് നൽകി ഉപയോഗിക്കുന്നതിന് അനുമതി വാങ്ങുകയും വനം വകുപ്പ് തന്നെ മരങ്ങൾ വെട്ടി മാറ്റി റോഡ് നിർമിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് വനം വകുപ്പ് ലീസ് വാങ്ങുന്നത് തടയുകയും വാഹനങ്ങൾ ഓടിയിരുന്ന റോഡ് അടയ്ക്കുകയും ചെയ്തു. പിന്നീട് റോഡ് തുറന്നു കൊടുക്കുന്നതിനു പല നീക്കങ്ങളും ഉണ്ടായെങ്കിലും റോഡ് പ്രാവർത്തികമായില്ല. ഇപ്പോൾ തലശ്ശേരി ബാവലി റോഡിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിക്കുകയും വയനാട്ടിലേക്കുള്ള കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് ഗതാഗത സൗകര്യത്തിന് തികയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ചുരമില്ലാത്ത പാതയ്ക്കായി മുറവിളി ശക്തമായിട്ടുണ്ട്.
Tribute to Kunhetan who worked for a path without a pass.